
ജറുസലം; ശനിയാഴ്ച്ച ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഗാസയിൽ വീണ്ടും ശക്തമായ ആക്രമണം നടത്തുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബന്ദികൈമാറ്റം നീട്ടിവച്ചാൽ ഹമാസിനെ ഇല്ലാതാക്കുംവരെ ആക്രമണെന്നാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച നടക്കേണ്ട ബന്ദികൈമാറ്റം മാറ്റിവെച്ചന്ന ഹമാസിന്റെ നിലപാടിന് പിന്നാലെയാണ് നെതന്യാഹു ശക്തമായ മുന്നറിയിപ്പ് നൽകിയത്.
വെടിനിർത്തൽ ധാരണ ലംഘിച്ച് ഇസ്രയേൽ ആക്രമണം നടത്തുന്നു എന്നാണ് ഹമാസിന്റെ ആരോപണം. അതിനാൽ ശനിയാഴ്ച്ച ബന്ദികളെ കൈമാറില്ലെന്നും ഹമാസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നെതന്യാഹു രംഗത്തെത്തിയത്. ബന്ദികളെയെല്ലാം വിട്ടയക്കണമെന്നാണോ ശനിയാഴ്ച വിട്ടയക്കാമെന്ന് ഹമാസ് നേരത്തെ അറിയിച്ചിരുന്ന മൂന്നു ബന്ദികളുടെ കാര്യമാണോ നെതന്യാഹു മുന്നറിയിപ്പ് നൽകിയതെന്ന് വ്യക്തമല്ല.
എന്നാൽ, ഇസ്രയേലുമായി വെടിനിർത്തൽ ധാരണ തുടരാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഹമാസ് പ്രതികരിച്ചു. വെടിനിർത്തൽ ധാരണ ലംഘിക്കുന്നത് ഇസ്രയേൽ ആണെന്ന് ഹമാസ് ആരോപിച്ചു. ജനുവരി 19ന് വെടിനിർത്തലിന്റെ ഒന്നാംഘട്ടം പ്രാബല്യത്തിൽ വന്നതു മുതൽ ബന്ദികളെ ഹമാസ് വിട്ടയച്ചു തുടങ്ങിയിരുന്നു. എന്നാൽ വെടിനിർത്തൽ ധാരണ ഇസ്രയേൽ ലംഘിക്കുന്നതായി കാട്ടി ബന്ദികളെ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിട്ടയക്കില്ലെന്ന് തിങ്കളാഴ്ച ഹമാസ് പ്രഖ്യാപിക്കുകയായിരുന്നു.











